10:59pm 05 November 2026
NEWS
“എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ രക്ഷിക്കാനുള്ള തെളിവ് എന്റെ അഭിഭാഷകന് ലഭിക്കും”; ഉമറിന്റെ ആസൂത്രണത്തിൽ കുടുങ്ങിയത് 17-കാരൻ
05/11/2026  08:11 PM IST
nila
“എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ രക്ഷിക്കാനുള്ള തെളിവ് എന്റെ അഭിഭാഷകന് ലഭിക്കും”; ഉമറിന്റെ ആസൂത്രണത്തിൽ കുടുങ്ങിയത് 17-കാരൻ

തിരുവനന്തപുരം: “എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ രക്ഷിക്കാനുള്ള തെളിവ് എന്റെ അഭിഭാഷകന് ലഭിക്കും.” പാങ്ങപ്പാറയിലെ അഭിരാം കൊലക്കേസിൽ ചോദ്യം ചെയ്യലിനിടെ പ്രതിയായ ഉമർ പൊലീസിനോട് പറഞ്ഞതായി പുറത്തുവരുന്ന വാക്കുകളാണിത്. കേസിൽ പിടിയിലായിട്ടും യാതൊരു ഭയവുമില്ലാത്ത പ്രതിയുടെ ആത്മവിശ്വാസമാണ് അന്വേഷണസംഘത്തെ കൂടുതൽ ജാഗ്രതയിലാക്കുന്നത്. കൗമാരക്കാർ ഉൾപ്പെട്ട ആസൂത്രിത കൊലപാതകത്തിന്റെ പിന്നാമ്പുറങ്ങൾ പുറത്തുവരുമ്പോൾ തിരുവനന്തപുരത്തെ ഞെട്ടിച്ചിരിക്കുകയാണ് സംഭവം.

പാങ്ങപ്പാറയിൽ 17-കാരനായ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ആദ്യം പുറത്തുവന്നത് മറ്റൊരു പതിനേഴുകാരനാണ് കൊലപാതകം നടത്തിയതെന്ന വിവരമായിരുന്നു. എന്നാൽ അന്വേഷണം പുരോഗമിച്ചതോടെ കേസിനു പിന്നിൽ കൂടുതൽ പേരുടെയും ആസൂത്രിത നീക്കങ്ങളുടെയും സാന്നിധ്യം വ്യക്തമായി. കൊലപാതകത്തിന്റെ പ്രധാന ആസൂത്രകൻ ഉമർ മുഫ്താർ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

തിരുവനന്തപുരം നഗരത്തിൽ മോഷണം, ലഹരിമരുന്ന് ഇടപാടുകൾ തുടങ്ങിയ കേസുകളിൽ നേരത്തെയും പൊലീസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നയാളാണ് ഉമർ. പ്രത്യേകിച്ച് സ്വർണമോഷണങ്ങളിൽ ഇയാൾക്ക് സവിശേഷമായ രീതികളുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. കേസുകളിൽ നിന്ന് രക്ഷപ്പെടാൻ തെളിവുകൾ പരിമിതപ്പെടുത്തുന്നതിലും നിയമപരമായ പഴുതുകൾ കണ്ടെത്തുന്നതിലും ഇയാൾ വിദഗ്ധനാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

മോഷണത്തിന് പ്രത്യേക തന്ത്രം

മോഷണം നടത്താൻ തിരഞ്ഞെടുക്കുന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും ഘടന ഒറ്റനോട്ടത്തിൽ മനസിലാക്കാനുള്ള കഴിവ് ഉമറിനുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. സിസിടിവി ക്യാമറകളുടെ സ്ഥാനങ്ങൾ, പ്രവേശനമാർഗങ്ങൾ, വാതിലുകളുടെയും ജനലുകളുടെയും ക്രമീകരണം തുടങ്ങിയവ വേഗത്തിൽ മനസിലാക്കി മോഷണത്തിന് പദ്ധതിയിടുന്നതാണ് ഇയാളുടെ രീതിയെന്നും പറയുന്നു.

മോഷ്ടിക്കുന്ന സ്വർണം മുഴുവനായി ഒരിടത്ത് വിൽക്കാറില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഉദാഹരണത്തിന്, 30 പവൻ മോഷ്ടിച്ചാൽ അതിൽ അഞ്ചു പവൻ മാത്രം വിറ്റ് ബാക്കി ഒളിപ്പിച്ചുവയ്ക്കും. പിടിയിലായാൽ അഞ്ചു പവൻ മോഷ്ടിച്ചതായി സമ്മതിക്കുകയും വിറ്റ സ്വർണം മാത്രം പൊലീസിന് കാണിച്ചുകൊടുക്കുകയും ചെയ്യും. ഇതോടെ കേസിലെ വീണ്ടെടുക്കൽ അത്രയിലൊതുങ്ങും. പിന്നീട് ജാമ്യത്തിലിറങ്ങിയാൽ ബാക്കി സ്വർണം രഹസ്യമായി വിറ്റ് അഭിഭാഷകരുടെ ഫീസ് ഉൾപ്പെടെയുള്ള ചെലവുകൾ കണ്ടെത്തുന്നതാണ് ഇയാളുടെ രീതിയെന്നാണ് പൊലീസിന്റെ ആരോപണം.

പ്രണയപ്പകയിൽ തുടങ്ങി കൊലപാതകത്തിലേക്ക്

അഭിരാം കൊലക്കേസിന്റെ തുടക്കം പ്രണയബന്ധത്തിലുണ്ടായ തർക്കമാണെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം. കേസിലെ ഒന്നാം പ്രതിയായ 17-കാരന്റെ കാമുകി മറ്റൊരു ആൺസുഹൃത്തുമായി അടുപ്പത്തിലായി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ വാട്സ്ആപ്പിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും അയച്ചത് പതിനേഴുകാരനെ പ്രകോപിപ്പിച്ചു. ഇതോടെ കാമുകിയുടെ പുതിയ സുഹൃത്തിനെ ആക്രമിച്ച് പാഠം പഠിപ്പിക്കാൻ ഇയാൾ തീരുമാനിച്ചു.

ഇതിനായി അടുത്ത സുഹൃത്തായ ഉമറിന്റെ സഹായം തേടി. ലക്ഷ്യമിട്ടിരുന്ന കൗമാരക്കാരനെ എളുപ്പത്തിൽ സ്ഥലത്തെത്തിക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അഭിരാം കെണിയിൽപ്പെട്ടത്. യഥാർഥത്തിൽ മറ്റൊരു യുവാവിനെ ആക്രമിക്കാനായിരുന്നു ആദ്യ പദ്ധതിയെങ്കിലും പിന്നീട് അത് കൊലപാതകമായി മാറിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ആനന്ദയുടെ പേരിൽ വ്യാജ ചാറ്റ്

അഭിരാമിനെ പാങ്ങപ്പാറയിലെത്തിക്കാൻ ആനന്ദ എന്ന പെൺകുട്ടിയെ ഉപയോഗിക്കാനായിരുന്നു സംഘത്തിന്റെ ആദ്യ നീക്കം. ഇതിനായി രണ്ട് ദിവസത്തെ സമയം നൽകി അഭിരാമുമായി ചാറ്റ് നടത്തി വിശ്വാസം നേടിയെടുത്തു. എന്നാൽ നിർണായക ദിവസത്തിൽ ആനന്ദയുടെ പേരിൽ സന്ദേശങ്ങൾ അയച്ചത് ഒന്നാം പ്രതിയും ഉമറുമാണെന്നാണ് പൊലീസ് പറയുന്നത്.

ആനന്ദയെ കാണാനായി വഴിയരികിൽ കാത്തുനിന്ന അഭിരാമിന്റെ അടുത്തേക്ക് ഒന്നാം പ്രതി യാദൃച്ഛികമായി എത്തിയതുപോലെ നടിച്ചു. പൊതുസുഹൃത്തുക്കൾ സമീപത്തുണ്ടെന്നും അവരെ കണ്ടുവരാമെന്നും പറഞ്ഞ് അഭിരാമിനെ വിശ്വസിപ്പിച്ചു. തുടർന്ന് കൊലപാതകം നടന്ന കാടുപിടിച്ച പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

അവിടെ ഉമറും കാത്തുനിൽപ്പുണ്ടായിരുന്നു. സിസിടിവി ക്യാമറകളുള്ള പ്രധാന വഴി ഒഴിവാക്കി ചതുപ്പിനരികിലൂടെയാണ് ഇയാൾ സ്ഥലത്തെത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. തന്റെ സാന്നിധ്യം ക്യാമറകളിൽ പതിയാതിരിക്കാനായിരുന്നു ഈ നീക്കമെന്നും പൊലീസ് സംശയിക്കുന്നു.

അവിടെവച്ച് ലക്ഷ്യമിട്ടിരുന്ന മറ്റൊരു പതിനേഴുകാരനെ വിളിച്ചുവരുത്താൻ പ്രതികൾ അഭിരാമിനോട് ആവശ്യപ്പെട്ടു. അഭിരാം ഫോൺ ചെയ്തെങ്കിലും ആ യുവാവ് എത്തിയില്ല. അപകടം തിരിച്ചറിഞ്ഞ അഭിരാം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികളുടെ പിടിയിൽപ്പെടുകയായിരുന്നു. തുടർന്ന് ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.

മൃതശരീരം വാഴക്കൂട്ടത്തിനിടയിൽ ഒളിപ്പിച്ചശേഷം പിന്നീട് കായലിലോ മറ്റോ ഉപേക്ഷിക്കാനായിരുന്നു പദ്ധതിയെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. അതിനിടെ തുടർനീക്കങ്ങൾ സംബന്ധിച്ച് സംഘത്തിലെ മറ്റുള്ളവരുമായി പ്രതികൾ ആശയവിനിമയം നടത്തിയതായും പൊലീസ് പറയുന്നു.

ആദ്യഘട്ടത്തിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം

അഭിരാമിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതികളിലേക്ക് അന്വേഷണം നീണ്ടത്. ഒന്നാം പ്രതിയായ പതിനേഴുകാരന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ഇയാളുമായി അടുത്ത ബന്ധമുള്ള ഉമറിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. സിറ്റി പൊലീസ് കമ്മിഷണറുടെ ഡാൻസാഫും കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും നടത്തിയ നീക്കത്തിൽ പ്രതികളെ പിടികൂടി.

ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ പ്രതികൾ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. കൊലപാതകം താൻ ഒറ്റയ്ക്കാണ് നടത്തിയതെന്നും പിന്നീട് സഹായത്തിനായി ഉമറിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നുമായിരുന്നു ഒന്നാം പ്രതിയുടെ ആദ്യ മൊഴി. ഉമറിന്റെ പങ്ക് മറച്ചുവയ്ക്കാനായിരുന്നു ഈ നീക്കമെന്നാണ് പൊലീസിന്റെ സംശയം.

എന്നാൽ ശാസ്ത്രീയ തെളിവുകൾ പരിശോധിച്ചതോടെ ഈ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. തുടർന്നാണ് കൊലപാതകത്തിൽ ഉമറിനും പങ്കുണ്ടെന്ന കാര്യം പുറത്തുവന്നത്. പിടിക്കപ്പെട്ടാൽ കുറ്റം സ്വയം ഏറ്റെടുക്കണമെന്നും പ്രായപൂർത്തിയാകാത്തതിനാൽ ശിക്ഷ കുറവായിരിക്കുമെന്നും ഉമർ ഉറപ്പുനൽകിയിരിക്കാമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

നിർണായക ഫോണുകളും വസ്ത്രങ്ങളും കാണാമറയത്ത്

കേസിൽ പൊലീസിനെ ഇപ്പോഴും പ്രതിസന്ധിയിലാക്കുന്നത് പ്രധാന തെളിവുകൾ കണ്ടെത്താനാകാത്തതാണ്. അഭിരാമിന്റെ ഫോൺ, ആനന്ദയുടെ ഫോൺ, ഒന്നാം പ്രതിയുടെ ഫോൺ എന്നിവയ്ക്കൊപ്പം പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഫോണുകളും വസ്ത്രങ്ങളും തോട്ടിൽ ഉപേക്ഷിച്ചെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂബാ സംഘത്തെ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും നിർണായക തെളിവുകളൊന്നും ലഭിച്ചിട്ടില്ല. തെളിവുകൾ മനഃപൂർവം മറ്റെവിടെയെങ്കിലും മാറ്റിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഉമർ സ്വന്തം ഫോൺ മറ്റൊരിടത്ത് ഏൽപ്പിച്ച ശേഷമാണ് സംഭവസ്ഥലത്തെത്തിയതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. ഫോൺ പരിശോധിച്ചാൽ തന്നെ രക്ഷിക്കാനുള്ള എന്തെങ്കിലും വിവരങ്ങൾ അഭിഭാഷകന് ലഭിക്കുമെന്ന തരത്തിൽ ഇയാൾ ചോദ്യം ചെയ്യലിൽ സംസാരിച്ചതായും പൊലീസ് പറയുന്നു.

കൊലക്കേസിലും പഴുതുകൾ തേടുന്നുവെന്ന് സംശയം

മോഷണക്കേസുകളിൽ നേരത്തെ സ്വീകരിച്ചിരുന്ന തന്ത്രങ്ങൾ കൊലക്കേസിലും പ്രയോഗിക്കാൻ ഉമർ ശ്രമിക്കുമെന്നാണ് പൊലീസിന്റെ ആശങ്ക. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് അഭിഭാഷകരിൽ നിന്ന് നിയമോപദേശം തേടിയിരിക്കാമെന്നും അന്വേഷണസംഘം കരുതുന്നു. കസ്റ്റഡിയിലെ ചോദ്യം ചെയ്യലിൽ വേഗത്തിൽ കുറ്റസമ്മതം നടത്തിയെങ്കിലും കേസിന്റെ യഥാർഥ പോരാട്ടം കോടതിയിലായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇയാളെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

അതുകൊണ്ടുതന്നെ പ്രതികളുടെ മൊഴികളിൽ മാത്രം ആശ്രയിക്കാതെ ശാസ്ത്രീയ തെളിവുകളും ഡിജിറ്റൽ രേഖകളും ഉൾപ്പെടെ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേസിലെ ഓരോ പ്രതിയുടെയും പങ്ക് വ്യക്തമായി സ്ഥാപിച്ച് കോടതിയിൽ കുറ്റം തെളിയിക്കുകയാണ് പൊലീസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

ഒരു കുടുംബത്തിന്റെ ജീവിതം തകർത്ത ഈ കൊലപാതകം നഗരത്തിന് മുന്നിൽ ഉയർത്തുന്നത് ഗൗരവമായ ചോദ്യങ്ങളാണ്. ഗുണ്ടാസംഘങ്ങളുടെയും ലഹരിമരുന്ന് ശൃംഖലകളുടെയും സ്വാധീനത്തിലേക്ക് കൗമാരക്കാർ എത്തുന്ന സാഹചര്യം തടയേണ്ടതിന്റെ ആവശ്യകതയും സംഭവം ഓർമിപ്പിക്കുന്നു. 

 

 

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img